Connect with us

Crime

കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം നേതാവ് ‘വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണി വീണ്ടും

Published

on

പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണി തുടര്‍ന്ന് സിപിഎം നേതാക്കള്‍. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സണ്‍ സാജന്‍ ജോസഫ് പറഞ്ഞു. വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പ്രകോപന പ്രസംഗം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും അറിയാമെന്ന് ജെയ്‌സണ്‍ പറഞ്ഞു.
ബൂട്ടിട്ട് വീടുകളില്‍ പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാര്‍ ഒറ്റക്കാലില്‍ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം ജോബി ടി ഈശോ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷിന്റെ തോളില്‍ തട്ടിയപ്പോള്‍ കൊലപാതക ശ്രമത്തിന് കേസ് എടുത്തു. കൊലപാതകശ്രമത്തിന് ഇനിയും നിങ്ങള്‍ക്ക് കേസുകള്‍ കൊടുക്കേണ്ടി വരുമെന്നാണ് നേതാവിന്റെ മുന്നറിയിപ്പ്. വനംവകുപ്പിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം ജോബി ടി ഈശോയുടെ പ്രസംഗം.
വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. പരാതി നല്‍കിയിട്ടും 4 ദിവസം വൈകിയാണ് സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിപിഎം പ്രവര്‍ത്തകര്‍ അടക്കം 12 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികള്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊച്ചുകോയിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.”

Continue Reading