Connect with us

Gulf

കുവൈത്തിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേർ മരിച്ചു

Published

on

മംഗഫ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചതായും 3 പേരെ കാണാതായി. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ്തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന വിവരവുമുണ്ട്.

തീ ആളിപ്പടര്‍ന്നതോടെ കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയ പലരും രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരില്‍ പലരും മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന തൊഴിലാളി ക്യാമ്പാണിത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Continue Reading