Gulf
തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത്.

കുവൈത്ത് സിറ്റി :മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിയല്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നത്. ഷോർട്ട് സർക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ സേന വ്യക്തമാക്കി. ഇന്ന് ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 50 ആയി ഉയർന്നു.
ദുരന്തസ്ഥലത്തു വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്നിശമന സേന ഔദ്യോഗികമായി അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി ഫയർഫോഴ്സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നു. ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ ക്യാംപിലുണ്ടായിരുന്നു.