Crime
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. രണ്ട് പേർ കൊല്ലപ്പെട്ടു

കട്ടപ്പന∙ കൂടെ താമസിച്ചിരുന്ന രണ്ട് പേരെ വെട്ടി കൊലപ്പെടുത്തിയത് കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇരട്ടയാർ വലിയതോവാളയിലാണ് സംഭവം. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. രാത്രി 2 മണിയോടെ ഏലക്കാട്ടിൽ നിന്നാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കീഴടക്കുന്നതിനിടയിൽ കട്ടപ്പന ഡിവൈഎസ്പിക്കും പരുക്കേറ്റു.
ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ എന്ന സ്ഥലത്തുള്ള ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്കു ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്. വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.