KERALA
കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്ന് ചൊല്ലി സത്യപ്രതിജ്ഞക്കെത്തി സുരേഷ് ഗോപി

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക് കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ച് കൊണ്ടാണ് അദ്ദേഹം വന്നത്. ‘കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്ന് ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പീഠത്തിന് അരികിലേക്ക് വന്നത്.
മലയാളത്തിൽ ദെെവനാമത്തിലായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിംഗും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമാണ് എംപിമാരുടെ സത്യപ്രതിജ്ഞ നടന്നത്
. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോൾ ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.പ്രോടെം സ്‌പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനന്റെ സത്യപ്രതിജ്ഞയ്‌ക്കിടെ ‘നീറ്റ്, നീറ്റ്’ എന്ന് വിളിച്ച് പ്രതിപക്ഷം ബഹളം ഉണ്ടാക്കി. വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വെെകിട്ട് നാലിനായിരിക്കും ആരംഭിക്കുക. ആദ്യ സമ്മേളനത്തിൽ ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.