Connect with us

Crime

കുഞ്ഞനന്തൻ്റെ ശിക്ഷയ്ക്കും പിഴയ്ക്കും എതിരെ ഭാര്യ സുപ്രീം കോടതിയിൽ

Published

on

ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ ശിക്ഷാ കാലാവധിക്കിടെ മരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചത്.

കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് ശാന്തയുടെ ആവശ്യം

ടി പി കേസിൽ 13 -ാം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്‌ വിചാരണ കോടതി ജീവപര്യന്തം തടവ് ശിക്ഷയും, ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിക്ക് എതിരായ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ആയിരുന്ന 2020 ൽ ആണ് പി കെ കുഞ്ഞനന്തൻ മരിച്ചത്. തുടർന്ന് കേസിൽ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയെ കേരള ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.

കുഞ്ഞനന്തൻ മരിച്ചുവെങ്കിലും അദ്ദേഹം ടി പി വധക്കേസിൽ കുറ്റക്കാരൻ ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിച്ച പിഴ ശാന്ത നൽകണം എന്നും ഹൈക്കോടതി നിർദേശിച്ചു. ഈ ഉത്തരവിന് എതിരെയാണ് ശാന്ത ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിൽ കുഞ്ഞനന്തൻ നിരപരാധി ആണെന്നും, കുറ്റക്കാരൻ ആണെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ റദ്ദാക്കണമെന്നും അഭിഭാഷകനായ ജി പ്രകാശ് മുഖേന ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു.

Continue Reading