International
ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജൻ ജോസഫ്

ലണ്ടൻ: ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജൻ ജോസഫാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എംപി ഡാമിയൻ ഗ്രീനിന്റെ 27 വർഷത്തെ കുത്തക സീറ്റാണ് കോട്ടയംകാരനായ സോജൻ ജോസഫ് പിടിച്ചെടുത്തത്. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ആഷ്‌ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്‌എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയുമാണ്.
650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവല ഭൂരിപക്ഷമായ 325 എന്ന സംഖ്യ ലേബർ പാർട്ടി കടന്നു. നിലവിൽ 359 സീറ്റുകളാണ് ലേബർ പാർട്ടി നേടിയിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റുകളിൽ ഒതുങ്ങി. 2019നെ അപേക്ഷിച്ച് 172 സീറ്റുകളാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്‌ടമായത്. 46 സീറ്റുകളുമായി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്താണ്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 408 സീറ്റുകൾ ലേബർ പാർട്ടിക്കും, കൺസർവേറ്റീവ് പാർട്ടിക്ക് 136 സീറ്റുകളും ലഭിക്കുമെന്നാണ്. 66 സീറ്റുകൾ നേടി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ടിലുണ്ട്.