Connect with us

International

ക്ലൗഡ് സേവനങ്ങളിലെ തകരാർ ആഗോളതലത്തില്‍  വിമാന സര്‍വീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു

Published

on

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്‌നം ബാധിച്ചു.

ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ലോകമെമ്പാടും വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് രൂപപ്പെടുന്നത്.

വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. യു.എസില്‍ വിവിധ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഓസ്‌ട്രേലിയയിലാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷം. ഓസ്ട്രേലിയയിലും ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളുടേ സേവനങ്ങള്‍ തടസപ്പെട്ടു. ബാങ്കുകളുടേയും സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും ടെലി കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ കംപ്യൂട്ടര്‍ പ്രശ്‌നം ബാധിച്ചു. ന്യൂസിലന്‍ഡിലും സമാന സ്ഥിതിയാണ്. ന്യൂസിലന്‍ഡ് പാര്‍ലമെന്റ് പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിനേയും പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്‌കൈ ന്യൂസ് സംപ്രേഷണം നിര്‍ത്തിവെച്ചു. ബ്രിട്ടനില്‍ റെയില്‍ ഗതാഗതത്തിനും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബ്രിട്ടനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യൂറോപ്പില്‍ ബര്‍ലിന്‍, ആസ്റ്റര്‍ഡാം വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചു.

ഇന്ത്യയില്‍ ഇന്‍ഡിഗോ, ആകാശ, സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇന്‍ ജോലികള്‍ താറുമാറായി. ബുക്കിങ്, ചെക്ക്-ഇന്‍, ബുക്കിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് താല്‍കാലികമായി തടസപ്പെട്ടതെന്ന് ആകാശ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികള്‍. പല വിമാനക്കമ്പനികളും ബോർഡിങ്ങ് പാസ് എഴുതിയാണ് നൽകുന്നത്.

വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. യു.എസ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് ഇപ്പോൾ തകരാറിലായത്.

Continue Reading