Connect with us

KERALA

അര്‍ജുനേക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ വരുന്നത് അപകടംനടന്ന സ്ഥലത്തുനിന്ന്

Published

on

അര്‍ജുനേക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല
ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ വരുന്നത് അപകടംനടന്ന സ്ഥലത്തുനിന്ന്

കോഴിക്കോട്: കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായെന്ന് കരുതപ്പെടുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനേക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. കേരളത്തിലെ രണ്ട് എം വി ഡി ഉദ്യോഗസ്ഥരെ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു

മൂന്നുദിവസം മുമ്പാണ് കര്‍ണാടകയിലെ അങ്കോളയില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ ഒടുവിലായി ലഭിച്ചത് മണ്ണിടിച്ചിലുണ്ടായ അതേസ്ഥലത്തുനിന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
അര്‍ജുന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു. അര്‍ജുന്‍ എട്ടാം തിയ്യതിയാണ് വീട്ടില്‍നിന്ന് പോയത്. 15-ാം തിയ്യതി രാത്രിവരെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. ലോറിയുടെ മറ്റൊരു ഡ്രൈവറുമായും അര്‍ജുന്‍ സംസാരിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നും സഹോദരി പറഞ്ഞു.
‘സ്ഥിരമായി കര്‍ണാടകയില്‍ പോയി ലോറിയില്‍ മരമെടുത്ത് വരുന്നയാളാണ് അര്‍ജുന്‍. അങ്ങനെ പോകുമ്പോള്‍ രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ട്. ഇപ്പോള്‍ ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ വരുന്നത് അപകടംനടന്ന സ്ഥലത്തുനിന്നാണ്. അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. മണ്ണ് മാറ്റി റോഡിലെ തടസ്സം നീക്കാനുള്ള നടപടികളാണ് അവര്‍ സ്വീകരിക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ എത്രയുംപെട്ടെന്ന് സ്വീകരിക്കണം’, അര്‍ജുന്റെ സഹോദരി ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് വിവരം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍നിന്നും എസ്.ഡി.എം.എയില്‍നിന്നും കര്‍ണാടക സര്‍ക്കാരിന് അടിയന്തരമായ സന്ദേശം പോയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലേയും അവരുമായി ബന്ധപ്പെട്ടു. തിരച്ചിലിന് വേഗത പോരെന്ന അര്‍ജുന്റെ ബന്ധുക്കളുടേയും യൂണിയന്‍കാരുടേയും പരാതി കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി. എത്രയും വേഗതയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാമെന്ന് അവര്‍ സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഏകോപനത്തിനായി എസ്.ഡി.എം.എ. മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയായതിനാല്‍ കുന്നും മലയുമെല്ലാം കുതിര്‍ന്നുനില്‍ക്കുന്ന അന്തരീക്ഷമാണ്. അതിനാല്‍ മലയോരമേഖലയിലൂടെയുള്ള യാത്രയില്‍ അതീവ ശ്രദ്ധവേണം. യാത്ര ആവശ്യമെങ്കില്‍ നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ. രാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Continue Reading