HEALTH
നിപ, അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട്ട് രണ്ട് കുട്ടികള്‍ നിരീക്ഷണത്തിൽ, ശ്രവം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു

.
കോഴിക്കോട്: നിപ, അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കോഴിക്കോട്ട് രണ്ട് കുട്ടികള്‍ ചികിത്സയില്‍. രണ്ടു പേരുടേയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് ചികിത്സയിലുള്ളത് . തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച കുട്ടി രോഗ ലക്ഷണളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
നിപ രോഗ ലക്ഷണങ്ങളോടെ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മറ്റൊരു കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ശ്രവം പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നിപ പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ്