International
പാക്കിസ്താൻ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദത്തിലൂടെയും നിഴൽ യുദ്ധത്തിലൂടെയും ഇന്നും അവർ എല്ലാം തുടരുകയാണ്.

ലഡാക്ക്: രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗം അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോടു പറയുന്നുവെന്ന് ലഡാക്കിലെ ദ്രാസിൽ നടന്ന ചടങ്ങിൽ രാജ്യത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു.
കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ചു. വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി നേർന്ന്, യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
‘പാകിസ്താൻ മുമ്പ് നടത്തിയ കുത്സിത ശ്രമങ്ങളിലെല്ലാം പരാജയപ്പെട്ടവരാണ്. എന്നാൽ, അവർ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദത്തിലൂടെയും നിഴൽ യുദ്ധത്തിലൂടെയും ഇന്നും അവർ എല്ലാം തുടരുകയാണ്. ഞാൻ ഇന്ന് സംസാരിക്കുന്നത് ഭീകരതയുടെ നേതാക്കൻമാർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിക്കുന്ന സ്ഥലത്തുനിന്നാണ്. നിങ്ങളുടെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും വിജയിക്കില്ലാ എന്നാണ് ഭീകരതയുടെ രക്ഷാധികാരികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. നമ്മുടെ സൈനികർ പൂർണ ശക്തിയോടെ ഭീകരവാദത്തെ തകർത്ത് ശക്തമായ മറുപടി നൽകുമെന്നും മോദി പറഞ്ഞു ‘
1999-ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്താനെതിരായ പോരാട്ടത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ ഉൾപ്പടെ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു.