KERALA
അർജുന് വേണ്ടി മറ്റൊരു ജീവൻ ബലി കൊടുക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന് കുടുംബം

ഷിരൂർ: കാലാവസ്ഥ വെല്ലുവിളി മനസിലാക്കുന്നുവെന്ന് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ. അർജുനായുള്ള തെരച്ചിലിനിടെ മറ്റൊരു ജീവൻ അപകടത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്നലെ രാത്രി മുതൽ തന്നെ ഇവിടെ നല്ല മഴയാണ്. ഇന്നെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് അവർക്ക് പുഴയിലിറങ്ങാൻ കഴിയുമെന്ന് കരുതുന്നു. മാദ്ധ്യമങ്ങൾക്ക് എന്ത് വിവരം കിട്ടുന്നോ അതൊക്കെ തന്നെയേ നമുക്കും ലഭിക്കുന്നുള്ളൂ. വീട്ടിൽ വിളിച്ച് കാലാവസ്ഥയെക്കുറിച്ചൊക്കെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. നമ്മുടെ അർജുന് വേണ്ടി മറ്റൊരു ജീവൻ ബലി കൊടുക്കാൻ ഞങ്ങൾ തയ്യാറല്ല,’- ജിതിൻ പറഞ്ഞു.ജിതിൻ ഷിരൂരിലാണ് ഉള്ളത്.
അതിനിടെ മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. “കാലാവസ്ഥ പ്രതികൂലമാണെന്നാണ് ലഭ്യമായിട്ടുള്ള വിവരം. കർണാടക സർക്കാരും ആർമിയും നേവിയും എല്ലാവരും പ്രവർത്തിക്കുന്നുണ്ട്.”- മന്ത്രി പറഞ്ഞു.
കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് മരിച്ചവരുടെയും കാണാതായ അർജുന്റെയും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയപാത നിർമ്മാണ കമ്പനി തയ്യാറാകണമെന്ന് കർണാടക ബ്രഹ്മശ്രീ നാരായണഗുരു പീഠം മഠാധിപതിയും ആര്യ എഡിഗ രാഷ്ട്രിയ മഹാ മണ്ഡലി അഖിലേന്ത്യാ പ്രസിഡന്റുമായ സ്വാമി പ്രണവാനന്ദ ആവശ്യപ്പെട്ടു.ദേശീയപാത നിർമ്മാണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കുന്നിടിച്ചിലിന് കാരണമായത്. കമ്പനിയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്തണം. കമ്പനിക്കെതിരെ സുപ്രീംകോടതിയിൽ പരാതി നൽകും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപെടുത്തും. അർജുന് വേണ്ടി കർണാടകയിൽ എത്തിയ മാദ്ധ്യമപ്രവർത്തകരെയും രക്ഷാ പ്രവർത്തകരെയും ആഗസ്റ്റ് 25ന് കർണാടകയിലെ മഠത്തിൽ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.