Connect with us

KERALA

നിയമസഭാ തിരഞ്ഞെടുപ്പു   മുന്നിൽ കണ്ട്  ക്ഷേമ പെൻഷൻ  2500 രൂപ ആക്കാൻ ആലോചന

Published

on

തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും   മുന്നിൽ കണ്ട്  ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുന്നതിനൊപ്പം വീട്ടമ്മമാർക്കും പെൻഷൻ അനുവദിക്കുക എന്നത് എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്.

രണ്ടാം പിണറായി വിജയൻ സർക്കാർ കാലാവധി പൂർ‌ത്തിയാക്കുന്നതിനു മുൻപ് ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്ത ബജറ്റിലെങ്കിലും അത് ഉണ്ടായെങ്കിൽ മാത്രമേ മുന്നണിക്ക് തദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുണമുണ്ടാകൂവെന്നാണ് വിലയിരുത്തൽ. തദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള 2026 ഫെബ്രുവരി മാസത്തിലെ ബജറ്റിൽ പ്രഖ്യാപനം നടത്തിയാൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രമേ ജനം കണക്കാക്കൂവെന്നാണ് അഭിപ്രായം.

സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹിക ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

ഈ സാഹചര്യത്തിൽ ക്ഷേമ പെൻഷൻ ഉയർത്തുകയും വീട്ടമ്മമാർ‌ക്ക് പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്താൽ സർക്കാരിന്റെ കയ്യിൽ കാര്യങ്ങൾ നിൽക്കാതെ വരും. എങ്കിലും അടുത്തവര്‍ഷം മുതലെങ്കിലും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നത്.

Continue Reading