Connect with us

KERALA

ഡ്രഡ്‌ജർ ഉപയോഗിച്ച് പരിശോധന നടത്താൻ തൃശൂരിൽ നിന്നും കാർഷികവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് പുറപ്പെട്ടു

Published

on

ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഗംഗാവലി പുഴയിൽ ആരംഭിച്ചിട്ട് രണ്ടാഴ്‌ചയായി. ഡ്രഡ്‌ജർ ഉപയോഗിച്ച് പരിശോധന നടത്താൻ സാധിക്കുമോ എന്നതറിയാൻ തൃശൂരിൽ നിന്നും കാർഷികവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് പുറപ്പെട്ടു. കൃഷിവകുപ്പിലെ രണ്ട് അസിസ്‌റ്റന്റ് ഡയറക്‌ടർമാരും ഒരു ഓപ്പറേറ്ററുമാണ് സംഘത്തിലുള്ളത്

ഉത്തര കന്നഡ ജില്ലാ കളക്‌ടർ തൃശൂർ ജില്ലാ കളക്‌ടറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം ഉടൻ പുറപ്പെട്ടത്. ഇവർ ഇന്ന് രാത്രിയോടെ ഷിരൂരിലെത്തുമെന്നാണ് വിവരം. അതേസമയം ഡ്രഡ്‌ജർ ഗംഗാവലി പുഴയിൽ ഉപയോഗിക്കുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്ന് നിർമ്മാണ കമ്പനി ഉദ്യോഗസ്ഥൻ പ്രതികരിച്ചു.നദിയിലെ ഒഴുക്ക് നാല് നോട്ടിക്കൽ മൈലിന് മുകളിലായാൽ ഡ്രഡ്‌ജർ ഉപയോഗിക്കാൻ പ്രയാസമാകും എന്നാണ് ഉദ്യോഗസ്ഥൻ അറിയിച്ചത്. എന്നാൽ ആഴംകൂടിയയിടങ്ങളിൽ വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടന്ന് പ്രവർത്തിക്കുന്നതാണ് ഡ്രഡ്‌ജർ എന്നും ആറ് മീറ്റർ വരെ അടിയിലേക്ക് ഇരുമ്പ് തൂണുകൾ താഴ്‌ത്തി പ്രവർത്തിക്കാൻ യന്ത്രത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.നദിയിൽ സിഗ്നലുകൾ ലഭിച്ച സ്ഥലത്തുനിന്ന് ടൺകണക്കിന് മണ്ണും ചെളിയും നീക്കാൻ ഡ്രഡ്‌ജർ കൂടിയേതീരൂ.

ഇന്നലെ വൈകിട്ടു ചേർന്ന കർണാടക സർക്കാരിന്റെ ഉന്നതതല യോഗം വിവരം ഔദ്യോഗികമായി കേരളത്തെ അറിയിച്ചിരുന്നു.
മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ദൗത്യസേനാംഗങ്ങളും ഇന്നലെ വൈകിട്ട് മടങ്ങി. സ്ഥലത്തെ ടെന്റും പൊളിച്ചുനീക്കി. മൽപെയുടെ നേതൃത്വത്തിൽ ഇന്നലെയും നിരവധി തവണ തെരച്ചിൽ നടത്തിയിരുന്നു. അർജുനെ കണ്ടെത്തുന്നതുവരെ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നു. മനുഷ്യ സാദ്ധ്യമാകുംവിധം തെരച്ചിൽ നടത്തിയതായി കർണാടക സർക്കാർ അറിയിച്ചു.

Continue Reading