Connect with us

KERALA

മൽപെയെ ബന്ധിപ്പിച്ചിരുന്ന വടംപൊട്ടി നൂറുമീറ്ററോളം ഒഴുകിപ്പോയി. നാവികസേനയുടെ ദൗത്യസംഘം രക്ഷപ്പെടുത്തി.

Published

on

ഷിരൂർ : കർണാടകയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പന്ത്രണ്ടാം ദിനവും തുടരുന്നു. നാവികസേനയും പ്രാദേശിക മുങ്ങൽ വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുന്ദാപുര സ്വദേശിയായ മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ നേതൃത്വം നൽകുന്ന ഏഴംഗ സംഘമാണ് പുഴയിലിറങ്ങിയുള്ള തിരച്ചിലിന് എത്തിയത്. ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണെങ്കിലും ആത്മവിശ്വാസത്തിലാണ് മൽപെയും സംഘവും. നദിയിലിറങ്ങി ട്രക്കിന്റെ അടുത്തെത്തി അതിനകത്ത് അർജുൻ ഉണ്ടോ എന്നുറപ്പിക്കാനാണ് ശ്രമം.

ആദ്യ രണ്ടുതവണ ശ്രമം ഒന്നും കണ്ടെത്താനാകാതെ മൽപെ തിരിച്ചുകയറി. മൂന്നാംതവണ മൽപെയെ ബന്ധിപ്പിച്ചിരുന്ന വടംപൊട്ടി അദ്ദേഹം നൂറുമീറ്ററോളം ഒഴുകിപ്പോയിരുന്നു. നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. തുടർന്ന് നാലാം തവണ മൽപെ പുഴയിലിറങ്ങിയിരിക്കുകയാണ്. നൂറിലധികം സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള വ്യക്തിയാണ് മൽപെ. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. ‌മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്.

കുത്തൊഴുക്കുള്ള പുഴയിൽ ഗോവയിൽനിന്നു ഫ്ലോട്ടിങ് പ്ലാറ്റ്ഫോം കൊണ്ടുവരാൻ ശ്രമം ഉണ്ടായെങ്കിലും അവസാന നിമിഷം സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഉത്തര കന്നഡ ജില്ലാഭരണകൂടം അതുമാറ്റിവെക്കുകയായിരുന്നു.

ദൗത്യം പൂർത്തിയാകുംവരെ ഇവിടെ തുടരാൻ കാർവാർ എംഎൽഎയോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിട്ടുണ്ട്. കൊച്ചി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം.

Continue Reading