NATIONAL
കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിൽ

ന്യൂഡൽഹി:
ബഡ്‌ജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്നാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചത്
കുരുക്ഷേത്രത്തിൽ കർണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന ആറ് അംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാൻ കൂട്ടുനിന്നതെങ്കിൽ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നൽകുന്നത് മോദിയും അമിത്ഷായും മോഹൻ ഭാഗവതും അംബാനിയും അദാനിയും അജിത് ഡോവലുമാണെന്നും രാഹുൽ തുറന്നടിച്ചു.
ഇത് സഭയിൽ വലിയ ബഹളങ്ങൾക്കിടയാക്കി. ധനമന്ത്രിയുടെ ബഡ്ജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുൽ പ്രസംഗത്തിനിടെ സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിച്ചെന്ന് പറഞ്ഞ് ബിജെപി അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് വിഷയത്തിൽ സ്പീക്കർ ഓം ബിർള ഇടപെട്ടു. സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിക്കരുതെന്ന് രാഹുലിന് താക്കീതും നൽകി.’ചക്രവ്യൂഹത്തിന്റെ മറ്റൊരു പേരാണ് പത്മവ്യൂഹം. പത്മവ്യൂഹത്തിന്റെ ഈ മാത്യകയാണ് മോദി ഇന്ത്യയിൽ പ്രയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പത്മവ്യൂഹത്തിന്റെ താമര ചിഹ്നമാണ് മോദി തന്റെ കുർത്തയിൽ ധരിച്ചത്. ഈ ബഡ്‌ജറ്റ് ഈ രാജ്യത്തെ കർഷകരെയും യുവാക്കളെയും ചെറുകിട വ്യവസായങ്ങളെയും സഹായിക്കുമെന്ന് ഞാൻ കരുതി. പക്ഷേ കണ്ടത്, ഈ ചക്രവ്യൂഹത്തെ ശക്തിപ്പെടുത്തുക എന്നത് മാത്രമെന്നും രാഹുൽ പറഞ്ഞു.