Education
കോളേജിൽ പ്രാർത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദപ്രകടനം നടത്തിമഹല്ല് കമ്മിറ്റി

കൊച്ചി: മൂവാറ്റുപുഴ നിർമല കോളേജിൽ പ്രാർത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റി. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളേജ് മാനേജ്മെന്റുമായി ചർച്ച നടത്തി ശേഷമാണ് ഖേദം പ്രകടിപ്പിച്ചത്.
കോളേജിൽ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി .എസ് ലത്തീഫ് പറഞ്ഞു. പ്രാർത്ഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ ഇസ്ലാം നിർദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ ലാഞ്ചനയെങ്കിലും ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിരുന്നു.നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിൻസിപ്പാൽ ഫാ. ജസ്റ്റിൻ കെ കുര്യാക്കോസ് പ്രതികരിച്ചു. കോളേജിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.
തെറ്റായ പ്രചാരണം നടത്തി മത സ്പർധ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇത്തരം നടപടികൾ ഒഴിവാക്കണം. കോളേജ് ഇത്രയും കാലം പുലർത്തിയിരുന്ന നിലപാടുമായി തന്നെ മുന്നോട്ട് പോകും. പ്രതിഷേധിച്ച കുട്ടികൾക്കെതിരെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കേണ്ട സമയമല്ലിത്. അവർ നിർമലയിലെ കുട്ടികളാണെന്നും തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.