KERALA
വയനാട് വന്‍ ഉരുള്‍പൊട്ടല്‍. ഏഴ് പേർ മരിച്ചു സൈന്യം ഇറങ്ങുന്നു നൂറു കണക്കിന് ആളുകൾ ഒറ്റപ്പെട്ടു

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍. ഏഴ് പേർ മരിച്ചു പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്. നൂറിലധികം പേർ ഒറ്റപ്പെട്ടു പ്രദേശത്ത് സൈന്യം ഉടൻ എത്തും
നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്.
ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.