Connect with us

NATIONAL

ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിജെപി ദേശീയ അദ്ധ്യനാക്കാൻ നീക്കം

Published

on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിജെപി ദേശീയ അദ്ധ്യനാക്കാൻ നീക്കം നിലവിലെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേന്ദ്രമന്ത്രിയായതോടെ അടുത്തുതന്നെ അദ്ദേഹം അദ്ധ്യക്ഷസ്ഥാനം ഒഴിയും. ഈ ഒഴിവിലേക്കാവും ഫഡ്നാവിസ് എത്തുക.

അസാമാന്യമായ നേതൃപാടവും സംഘാടന ശൈലിയുമാണ് ഫഡ്‌നാവിസിൽ കേന്ദ്രനേതൃത്വം കണ്ട ഗുണമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ടുചെയ്യുന്നത്. ഇതിനൊപ്പം അണുവിട പിഴയ്ക്കാത്ത തന്ത്രങ്ങൾ മെനയാനുള്ള കഴിവും ഫഡ്നാവിസിന്റെ പ്ലസ് പോയിന്റാണ്. ആർഎസ്എസിന്റെ ശക്തമായ പിന്തുണയും ഫഡ്‌നാവിസിനുണ്ട്. തങ്ങളുടെ നിലപാടുകൾക്ക് അനുകൂലമായി ബിജെപിയെ കൊണ്ടുപോകാൻ ഇതിലൂടെ കഴിയും എന്നാണ് അവർ കണക്കാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ബിജെപിക്കെതിരെ ആർഎസ്എസ് രംഗത്തെത്തിയിരുന്നു.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മറ്റാരെക്കാളും മോദിക്ക് താൽപ്പര്യവും ഫഡ്‌നാവിസിനെയാണ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച ഫഡ്‌നാവിസ് കുടുംബസമേതം മോദിയെ സന്ദർശിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം ദേശീയ അദ്ധ്യക്ഷനാകുമെന്ന തരത്തിൽ പ്രചാരണമുണ്ടായത്.നിലവിൽ മഹാരാഷ്ട്ര ബിജെപിയിൽ ഫഡ്നാവിസിനൊപ്പം തലപ്പൊക്കത്തിൽ നിൽക്കാനുള്ള നേതാക്കൾ ഇല്ല. വരുന്ന ഒക്ടോബറിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ അവസരത്തിൽ പെട്ടെന്ന് ഫഡ്നാവിസിനെ ദേശീയ അദ്ധ്യക്ഷനാക്കുന്നത് സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് പാർട്ടി നേതൃത്വത്തിന് ഭയമുണ്ട്. അതിനാൽ ആദ്യം വർക്കിംഗ് പ്രസിഡന്റ് ആയി നിയമിക്കും. ഈ സമയം ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ അദ്ധ്യക്ഷ പദത്തിലേക്ക് ഉയർത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് തള്ളാനോ കൊള്ളാനോ ഉന്നത നേതാക്കൾ ഉൾപ്പടെ ആരും തയ്യാറായിട്ടില്ല.

ഫഡ്‌നാവിസ് ദേശീയ അദ്ധ്യക്ഷനാകുമെന്ന് ഏറക്കുറെ ഉറപ്പായ സ്ഥിതിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിലും പാർട്ടി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന പതിവ് ബിജെപിക്കില്ല എന്നാണ് ചില നേതാക്കൾ പറയുന്നത്. ശക്തനായ ഒരാൾ നേതൃസ്ഥാനത്ത് എത്തിയില്ലെങ്കിൽ സംസ്ഥാനത്ത് ബിജെപിയുടെ നില പരുങ്ങലിലാക്കിയേക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.

Continue Reading