KERALA
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ ‘വ്യാജ’ വിമർശനത്തിൽ അമിത് ഷായ്‌ക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ്.

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ നടത്തിയ ‘വ്യാജ’ വിമർശനത്തിൽ അമിത് ഷായ്‌ക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ നോട്ടീസ്. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.
ഉരുൾപൊട്ടൽ മുന്നറിയിപ്പില്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ജയറാം രമേശ്, ദിഗ്‌വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു.
3 തവണ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നൽകിയെന്നായിരുന്നു അമിത്ഷാ ലോക്സഭയിലും രാജ്യസഭയിലും പറഞ്ഞിരുന്നത്.
കഴിഞ്ഞ 18, 23, 25 തീയതികളില്‍. 26ന് 20 സെന്‍റിമീറ്ററിലധികം മഴ പെയ്യുമെന്നും , ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. മണ്ണിടിച്ചില്‍ സാധ്യത കണ്ട് തന്‍റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ഡിആര്‍എഫിന്‍റെ 9 സംഘത്തെ അവിടേക്ക് അയച്ചതെന്നും കേരളം എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചിരുന്നു.