Connect with us

KERALA

അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്.

Published

on

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 20 ശതമാനം പിന്നിട്ടു.

വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബുത്തുകളിൽ വോട്ടെണ്ണൽ മെഷീനിലെ പ്രശ്നങ്ങൾ കാരണം പോളിങ് അൽപം വൈകി.

എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരിൽ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതു ദൂർഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോർഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ വ്യക്തമാക്കി.

354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്.

കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്.

സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

Continue Reading