KERALA
തലസ്ഥാനത്ത് തെരുവ് യുദ്ധംഅബിൻ വർക്കി അടക്കമുള്ള നേതാക്കൾക്ക് ലാത്തി ചാർജിൽ പരിക്കേറ്റു.

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. അബിൻ വർക്കി അടക്കമുള്ള നേതാക്കൾക്ക് ലാത്തി ചാർജിൽ പരിക്കേറ്റു.
പ്രദേശത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രവർത്തകർക്ക് ലാത്തിചാർജിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കാനുള്ള ശ്രമത്തിലാണ്.എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിക്കുമെതിരെ ഭരണകക്ഷി എംഎൽഎയായ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ വിവാദമായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്പി ഓഫീസുകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യൂത്ത് കോൺഗ്രസ് മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ മാർച്ചിൽ സംഘർഷവും ഉടലെടുത്തിരുന്നു.