Crime
മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: മദ്യലഹരിയിൽ തലസ്ഥാന നഗരത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ശേഷം ബൈജുവിനെ ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരത്ത് വെള്ളയമ്പലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു.
രാത്രി 11.45ഓടെ വെള്ളയമ്പലത്ത് നിന്നും പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സ് ഭാഗത്ത് സ്വന്തം വീട്ടിലേക്ക് മകൾക്കൊപ്പം പോകുകയായിരുന്നു ബൈജു. ഇതിനിടെ കവടിയാർ ഭാഗത്ത്നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. റോഡ് പണിയെ തുടർന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാർ ആദ്യം ട്രാഫിക് ഐലന്റിലെ പോസ്റ്റിലും തുടർന്ന് തൊട്ടടുത്ത് മറ്റൊരു പോസ്‌റ്റിലും ഇടിക്കുകയായിരുന്നു,.അപകടത്തിന് പിന്നാലെ കൺട്രോൾ റൂമിൽനിന്നും പൊലീസെത്തി പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈജുവിനെയും മകളെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ നടൻ പൊലീസുമായും നാട്ടുകാരുമായും അപകടത്തിന്റെ പേരിൽ തർക്കിച്ചു.അപകടമുണ്ടാക്കിയതിന് പിന്നാലെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിച്ച ബൈജുവിന്റെ രക്തസാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞില്ല. നടൻ തയ്യാറാകാത്തതിനെ തുടർന്നാണിത്. ഇതോടെ പരിശോധനാ സമയത്ത് മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു എന്നാണ് ഡോക്‌ടർ നൽകിയ റിപ്പോർട്ട്. സംഭവത്തിൽ നടനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനകം വിവിധ വകുപ്പനുസരിച്ച് കേസെടുത്തു