Crime
നവീൻ ബാബുവിന് നിറ കണ്ണുകളോടെ വിട നൽകി ജന്മനാട് : ചിതക്ക് തീ പകർന്നത് ഇളയ മകൾ

മലയാലപ്പുഴ: നിറഞ്ഞ കണ്ണുകളോടെ നവീന്‍ ബാബുവിന് അന്ത്യ യാത്ര നല്‍കി നാട്. മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കണ്ണുനീര്‍ തളംകെട്ടിനിന്ന കണ്ണുകളിലൂടെ ചിതയെരിയുന്നത് സുഹൃത്തുക്കളും ബന്ധുക്കളും നെടുവീര്‍പ്പോടെ കണ്ടുനിന്നു. നവീനെ സ്വീകരിക്കാന്‍ പത്തനംതിട്ടയിലെ സഹപ്രവര്‍ത്തകര്‍ വാങ്ങിയ മാലയും ബൊക്കയുമെല്ലാം മൃതദേഹത്തിനൊപ്പം മണ്ണിലമര്‍ന്നു.
മക്കളും സഹോദരന്‍ അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ച്ചയായി.
രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടില്‍കൊണ്ടുവന്നത്. രാവിലെ മുതല്‍ കളക്ടറേറ്റില്‍ പൊതുദര്‍ശനം ഏര്‍പ്പെടുത്തിയിരുന്നു. കളക്ടറേറ്റില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍, സഹപ്രവര്‍ത്തകനായിരുന്ന നവീന് കണ്ണീരോടെ വിട നല്‍കി. രാവിലെ മുതല്‍ അനുഭവപ്പെട്ട നീണ്ട തിരക്കിന് ശേഷം മൃതദേഹം അകമ്പടിയോടെ വീട്ടിലേക്കെത്തിച്ചു.