Connect with us

KERALA

പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം പാർട്ടി വിട്ടുജില്ലാ സെക്രട്ടറിയുടെ പരസ്യ വിമർശനത്തിന് പിന്നാലെയാണ് രാജി

Published

on

പാലക്കാട് : സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിൽ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചിരുന്നു. പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നായിരുന്നു ആക്ഷേപം. നഗരമേഖലയിൽ അണികൾക്കിടയിൽ വളരെ സ്വാധീനമുള്ളയാളാണ് ഷുക്കൂർ. 

എൽ ഡി എഫ് സ്ഥാനാർത്ഥി പി.സരിന്റെ പ്രചാരണത്തിൽ അബ്ദുൽ ഷുക്കൂർ രംഗത്തുണ്ടായിരുന്നു. എന്നാൽ സജീവമായ് രംഗത്തിറങ്ങിയില്ലെന്ന പരസ്യ വിമർശനം നേരിട്ടതിനു പിന്നാലെയാണ് ഷുക്കൂറിന്റെ രാജി. പി.സരിന്റെ വരവിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് ഭിന്നതയുണ്ടായിരുന്നെന്നും ഷുക്കൂറിന്റെ രാജി ഇതിന്റെ പ്രതിഫലനമാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഷുക്കൂറിനെ കോൺഗ്രസും ബിജെപിയും തങ്ങളുടെ സംഘടനകളിലേക്ക് സ്വാഗതം ചെയ്തു.

ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ ഭീഷണിയും അവഹേളനവും തരംതാഴ്‌ത്തലും സഹിക്കാൻ കഴിയാതെയാണ് സിപിഎം വിട്ടതെന്ന് അബ്‌ദുൽ ഷുക്കൂർ പറഞ്ഞു. വ്യക്തിവിരോധമാണ് സംഭവങ്ങൾക്ക് പിന്നിൽ. പാലക്കാട്ടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുവെന്നും രാജിക്ക് ശേഷം ഷുക്കൂർ പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അബ്‌ദുൽ ഷുക്കൂറിന്റെ പ്രതികരണം.

പാർട്ടിയിൽ ഞാൻ ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ്. ഒരുപാടായി സഹിക്കുന്നു. പാർട്ടിക്കുള്ളിൽ ഒരു ചവിട്ടിത്താഴ്‌ത്തൽ, ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ പ്രകോപനം സഹിക്കാൻ പറ്റിയില്ല. പി. സരിന്റെ ബോർഡുകൾ സ്ഥാപിച്ചില്ല, ചുമരെഴുത്ത് നടത്തിയില്ല എന്നൊക്കെയാണ് കുറ്റാരോപണം. ഞാനല്ല അതൊന്നും ചെയ്യേണ്ടത്. അതാത് ബൂത്ത് സെക്രട്ടറിമാരാണ്. മുഴുവൻ കുറ്റവും എന്റെ മേൽ ചാരികൊണ്ട് പത്തുനാൽപ്പത് പേർ ഇരിക്കുന്ന യോഗത്തിൽ എന്നെ അവഹേളിച്ചു. തരംതാഴ്‌ത്തലാണത്. കുറേക്കാലമായി സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്ന പ്രകോപനമാണത്.നാലു ദിവസം മുമ്പ് നിന്നെ കാണിച്ചു തരാം എന്ന് സെക്രട്ടറി പറഞ്ഞു. ഈ യോഗത്തിൽ വന്നിട്ട് ഇത്തരം അവഹേളനമുണ്ടാക്കി. ഇനിയും എങ്ങനെ സഹിച്ചു നിൽക്കും. അതുകൊണ്ടാണ് ഈ പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചത്. വ്യക്തിവിരോധമാണ് സംഭവങ്ങൾക്ക് പിന്നിൽ. ഭീഷണിയുടെ സ്വരമാണ് ജില്ലാ സെക്രട്ടറിക്ക്. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയതയുണ്ട്. പാർട്ടിയിൽ നിന്ന് പുറത്തുപോവുക എന്നത് വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും, മറ്റുള്ള സാദ്ധ്യതകൾ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അബ്‌ദുൽ ഷുക്കൂർ പറഞ്ഞു.

Continue Reading