Connect with us

KERALA

അന്‍വറിന് പിന്നാലെ സി.പി.എമ്മുമായി കൊമ്പുകോര്‍ക്കാനൊരുങ്ങി  കാരാട്ട് റസാഖ്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍  മുസ്‌ലിം ലീഗുമായ് ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നു

Published

on

കോഴിക്കോട്: പി.വി. അന്‍വറിന് പിന്നാലെ സി.പി.എമ്മുമായി കൊമ്പുകോര്‍ക്കാനൊരുങ്ങി സി.പി.എം. സഹയാത്രികനും മുന്‍ കൊടുവള്ളി എം.എല്‍.എയുമായ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെയാണ്  കടുത്ത വിമര്‍ശനവുമായ് റസാഖ്  രംഗത്തെത്തിയിരിക്കുന്നത്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്‌ലിം ലീഗുമായും ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നുവെന്നാണ് റസാഖിന്റെ ആരോപണം. പരാതികള്‍ പാര്‍ട്ടിയില്‍ നല്‍കിയിട്ടുണ്ട്, പരിഗണിക്കുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും റസാഖ് മുന്നറിയിപ്പ് നല്‍കി.

മുഹമ്മദ് റിയാസ് അട്ടിമറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് തിരുത്താന്‍ കഴിയുന്നതേയുള്ളൂവെന്നും കാരാട്ട് റസാഖ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഇത് പരിഗണിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും. മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മാറാനുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ കൂടെ പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് അതൊന്നും തീരുമാനിച്ചിട്ടില്ലെന്നും പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതും നിലവിലുള്ള പാര്‍ട്ടികളില്‍ ചേരുന്നതും അന്‍വറിനൊപ്പം പ്രവര്‍ത്തിക്കുന്നതുമുള്‍പ്പെടെ നിരവധി മാര്‍ഗങ്ങളുണ്ടെന്നുമായിരുന്നു പ്രതികരണം.

താന്‍ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന പല വലിയ പദ്ധതികളും മുഹമ്മദ് റിയാസും ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും മുസ്‌ലിം ലീഗുമായി ചേര്‍ന്ന് അട്ടിമറിച്ചിരിക്കുകയാണ്. താന്‍ കൊണ്ടുവന്ന പദ്ധതികള്‍ നടപ്പാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്‌ലിം ലീഗ്. അതിന് സഹായിക്കുന്നത് സി.പി.എം. കൊടുവള്ളി ലോക്കല്‍ സെക്രട്ടറിയും താമരശ്ശേരി ഏരിയ സെക്രട്ടറിയുമാണ്. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി പദ്ധതികളെ പൂര്‍ണമായും അട്ടിമറിക്കുന്നത് മുഹമ്മദ് റിയാസാണെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി.ഇക്കാര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിക്കുന്ന നിലപാടിനോടും പാര്‍ട്ടിയുടെ നിലപാടിനോടും യോജിക്കാന്‍ കഴിയില്ല. മുസ്‌ലിം ലീഗ് വിട്ടുവന്ന ഒരാള്‍ നടത്തുന്ന വികസന പദ്ധതികള്‍ തടയാനും വരാതിരിക്കാനും ആയിരിക്കും ലീഗ് പ്രവര്‍ത്തിക്കുന്നത്. അതിന് ഇവര്‍ പിന്തുണ നല്‍കുന്നത് ശരിയല്ലെന്നാണ് കാരാട്ട് റസാഖ് പറയുന്നത്. പല തവണ ഇക്കാര്യങ്ങള്‍ റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഇക്കാര്യങ്ങളെല്ലാം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയും അറിയിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറച്ച് കാത്തിരിക്കണമെന്നാണ് മോഹനന്‍ മാഷ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രതീക്ഷ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവരെല്ലാം നല്ല വ്യക്തിത്വങ്ങളാണ് അവരുമായൊന്നും അഭിപ്രായ വ്യത്യസങ്ങളില്ലെന്നും റസാഖ് പറഞ്ഞു.

Continue Reading