KERALA
പൂരം കലക്കലില്‍ മൗനം : വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എല്‍.ഡി.എഫ് പ്രത്യക്ഷസമരത്തിലേക്ക്.

തൃശ്ശൂര്‍: പൂരം കലക്കലില്‍ മൃദുസമീപനം കൈക്കൊണ്ട എല്‍.ഡി.എഫ്. വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രത്യക്ഷസമരത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനെതിരേ 30-ന് അഞ്ചിന് നടുവിലാല്‍ ജങ്ഷനില്‍ പ്രതിഷേധസംഗമം നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ കെ.വി. അബ്ദുള്‍ഖാദര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
പൂരം കലക്കലില്‍ ഇതുവരെ എല്‍.ഡി.എഫ്. ഒരു പ്രസ്താവനപോലും ഇറക്കിയിരുന്നില്ല. വെടിക്കെട്ട് പ്രശ്‌നത്തിലാണെങ്കില്‍ ആദ്യം പ്രസ്താവനയും തുടര്‍ന്ന് സമരപ്രഖ്യാപനവും വന്നു. സംസ്ഥാനസര്‍ക്കാര്‍ പൂരം കലക്കിയെന്ന് ആക്ഷേപിക്കുകയും മറുഭാഗത്ത് പൂരം നടത്തിപ്പുതന്നെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണ് സംഘപരിവാറെന്ന് പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ പൂരത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിട്ടു കാര്യമില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. പുതിയ പ്രശ്‌നമായ വെടിക്കെട്ട് നിയന്ത്രണം, നാട്ടാനപരിപാലന നിയമഭേദഗതി തുടങ്ങിയവ പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും രാജേഷ് പറഞ്ഞു.
അടുത്ത പൂരവും എക്‌സിബിഷനും പ്രശ്‌നരഹിതമായി നടത്താനുള്ള നീക്കമാണ് ഇനി വേണ്ടത് എന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ പറഞ്ഞു. ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് ഭംഗിയാക്കിനടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണമെന്നും കെ. ഗിരീഷ് കുമാര്‍ പറഞ്ഞു.