KERALA
വയനാടിനെ പ്രതിനിധീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുകയാണെന്നു പ്രിയങ്ക

കൽപറ്റ : വയനാടിനെ പ്രതിനിധീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുകയാണെന്നു കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ അതെനിക്കു കിട്ടുന്ന ഏറ്റവും വലിയ ആദരവായി മാറുമെന്നും വയനാട് മീനങ്ങാടിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക പറഞ്ഞു. ഇന്നും നാളെയും പ്രിയങ്ക യോഗങ്ങളിൽ പങ്കെടുക്കും. വയനാട്ടിൽ പ്രിയങ്ക യുഡിഎഫ് സ്ഥാനാർഥിയായശേഷമുള്ള ആദ്യയോഗമായിരുന്നു മീനങ്ങാടിയിലേത്.
വയനാട്ടിലെ ജനങ്ങൾ ധൈര്യമുള്ളവരാണെന്ന് പ്രിയങ്ക പറഞ്ഞു. ബ്രിട്ടിഷുകാർക്കെതിരെ പോരാടിയവരാണ് വയനാട്ടുകാർ. എല്ലാവരും മതസൗഹാർദത്തോടെ ജീവിക്കുന്ന നാടാണിത്. ഇവിടെ മൂല്യങ്ങൾ ശക്തമാണ്. നിങ്ങൾ തുല്യതയിലും സാമൂഹികനീതിയിലും വിശ്വസിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ഉൾകൊള്ളുന്നവരാണ് കേരളീയർ. എല്ലാ മതങ്ങളിലുമുള്ള മഹാൻമാരുടെയും ആശയങ്ങളെ നിങ്ങൾ ആദരിക്കുന്നു. ചൂരൽമലയിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ എനിക്കു മനസ്സിലായി. ദുരന്തത്തിൽ മനുഷ്യൻ പരസ്പരം സഹായിച്ചു. ആരും അത്യാഗ്രഹത്തോടെ പെരുമാറുന്നത് കണ്ടില്ല. കുട്ടികൾ അടക്കം അത്മാഭിമാനത്തോടെ പെരുമാറി
ഒന്നുമില്ലാത്തവരുടെ ബുദ്ധിമുട്ടെന്താണ് മദറിന്റെ സ്ഥാപനത്തിൽ പ്രവർത്തിച്ച സമയത്ത് എനിക്കു മനസിലായി. ഇന്ന് വയനാട് ഉരുൾപൊട്ടലിനുശേഷം രാഹുലിനൊപ്പം ഇവിടെ വന്നപ്പോ നിങ്ങളുടെ വേദന എനിക്കു മനസിലായി. ദുരന്തബാധിതരെ സഹായിക്കാൻ എങ്ങനെയാണ് ഒരു സമൂഹം മുഴുവൻ മുന്നോട്ടുവന്നതെന്ന് മനസിലായെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു,