Crime
ദിവ്യയ്ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം.

കണ്ണൂർ :ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തിൽ ബഹളം. യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ആരംഭിച്ചപ്പോൾ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി. 7 ദിവസത്തിനു മുൻപ് നോട്ടിസ് നൽകണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വൈസ് പ്രസിഡന്റ് വിനോയ് കുര്യനായിരുന്നു അധ്യക്ഷൻ. ഏഴ് യുഡിഎഫ് അംഗങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതിനിടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി യോഗം പിരിയുകയായിരുന്നു.