Crime
കൊടകര കുഴൽപ്പണക്കേസ് ഇ.ഡി. അന്വേഷിക്കണമെന്ന് എം.വി. ഗോവിന്ദൻ. എല്ലാം നടന്നത് ബി.ജെ.പി. നേതൃത്വത്തിൻ്റെ അറിവോടെ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് ഇ.ഡി. അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം നടന്നത് ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണ്. കള്ളപ്പണമൊഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ബി.ജെ.പിയുടെ രീതിയെന്നും അദ്ദേഹം ആരോപിച്ചു.
‘ഏതോ ഒരു സ്ഥലത്ത് വെച്ച് നടന്ന തട്ടിക്കൊണ്ടുപോകൽ മാത്രമല്ല, ബിജെപി ഓഫീസിലേക്ക് തന്നെ കോടിക്കണക്കിന് രൂപ ചാക്കിൽ കെട്ടിയ കള്ളപ്പണം വിതരണം ചെയ്തതിനിടയിൽ ഉണ്ടായ സംഭവമാണ് കൊടകര. ഏറ്റവും ശക്തിയായ കേന്ദ്രീകൃതമായ കള്ളപ്പണ വിതരണം കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. 41.6 കോടിയെ സംബന്ധിച്ചാണ് ഇപ്പോൾ പറയുന്നത്. അതിൽ ഓരോ ഭാഗത്തേക്കും എത്തിച്ചിട്ടുള്ളതും അതിനടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണ്. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ എന്നത് ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റേയും കേരള നേതൃത്വവും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന രീതി’- അദ്ദേഹം ആരോപിച്ചു
കൊടകര വിഷയത്തിൽ ശക്തമായ അന്വേഷണം നടക്കണം. കള്ളപ്പണംകൈകാര്യം ചെയ്തത് ബിജെപി നേതൃത്വത്തമാണ്. ഇ.ഡി. അന്വേഷിക്കണം. ഇ.ഡി. നിലവിൽ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമാണ്. ഭരണകക്ഷിയുടെ ഭാഗമായി വരുമ്പോൾ എന്ത് കൊള്ള നടത്തിയാലും യാതൊരു പ്രശ്നവുമില്ല എന്ന നിലപാടാണ്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് അതാണ് ഇ.ഡി. ചെയ്യുന്നത്. ഇത്രയും വലിയ കൊള്ള നടന്നിട്ടും ഇ.ഡിക്ക് യാതൊരു ഭാവവഭേദവുമില്ല. സമഗ്ര അന്വേഷണം വേണം. കേരള പോലീസിന്റെ അന്വേഷണം പാതിവഴിയിൽ അല്ല. അന്വേഷണം കൃത്യമായി നടത്തിയിട്ടുണ്ട്. റിപ്പോർട്ട് കൃത്യമായി ഇഡിക്കും എല്ലാ വിഭാഗങ്ങൾക്കും നൽകിട്ടുണ്ട്. അവര് അതിൽ ഇടപെടുന്നില്ല. ഈ ഉപതിരഞ്ഞെടുപ്പിലും ഇത്തരത്തിൽ പണം ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മൂന്നരക്കോടിരൂപ കൊടകരയിൽ കവർന്ന കേസിന്റെ നടപടി പുരോഗമിക്കേ, കള്ളപ്പണം ബി.ജെ.പി. ഓഫീസിൽ എത്തിയെന്നുപറഞ്ഞ് ബി.ജെ.പി.യുടെ മുൻ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയിരുന്നു. ചാക്കിൽക്കെട്ടി പണം പാർട്ടിയുടെ ജില്ലാ ഓഫീസിൽ എത്തിച്ചെന്നും എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നറിയില്ലെന്നുമാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് പറഞ്ഞത്. പണം കൊണ്ടുവന്നത് പാർട്ടി അനുഭാവിയും വ്യാപാരിയുമായ ധർമരാജ് ആണെന്നും പണച്ചാക്ക് ഓഫീസിലേക്ക് കയറ്റാൻ താൻ സഹായിച്ചെന്നും ഏതെല്ലാം നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്ന് പിന്നീട് പുറത്തുവിടുമെന്നും സതീശ് പറഞ്ഞിരുന്നു