KERALA
ഇ.പി. ജയരാജനെ ബി.ജെ.പിയില്‍ എത്തിക്കാന്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍.

തൃശ്ശൂര്‍: ഇ.പി. ജയരാജനെ ബി.ജെ.പിയില്‍ എത്തിക്കാന്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലെ ഹോട്ടല്‍ ലളിതിലും തൃശ്ശൂര്‍ രാമനിലയത്തിലും വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അവര്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരില്‍ എത്തിയപ്പോഴായിരുന്നു രാമനിലയത്തിലെ കൂടിക്കാഴ്ചയെന്നു ശോഭ തെളിവുകൾ സഹിതം മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയിലെ ചര്‍ച്ചകള്‍ തെറ്റിപ്പിരിഞ്ഞതില്‍ മാപ്പുപറയാന്‍ ഇ.പി. ജയരാജന്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ വന്നു. അന്ന് വീണാ ജോര്‍ജും കെ. രാധാകൃഷ്ണനും അടക്കം മന്ത്രിമാര്‍ രാമനിലയത്തില്‍ ഉണ്ടായിരുന്നു. 102-ാം മുറിയിലായിരുന്നു ഇ.പി. ജയരാജന്‍ ഉണ്ടായിരുന്നത്. മന്ത്രി കെ. രാധാകൃഷ്ണന്റെ 101-ാം മുറി കടന്നുവേണം തന്റെ 107-ാം നമ്പര്‍ മുറിയിലെത്താന്‍. 112-ാം നമ്പര്‍ മുറിയില്‍ എം.വി. ഗോവിന്ദന്‍ ഉണ്ടായിരുന്നെന്നും തന്റെ പഴയ ഡയറി തെളിവായിക്കാണിച്ച് ശോഭ പറഞ്ഞു.
കേസുകൊടുക്കുമെന്നാണ് ഇ.പി. ജയരാജന്‍ പറയുന്നത്. കേസുകൊടുക്കുമെന്ന ഓലപ്പാമ്പ് കാട്ടി ഭീഷണിപ്പെടുത്താനാണ് ഭാവമെങ്കില്‍, കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇക്കാര്യത്തില്‍ പിണറായി വിജയന് സത്യമറിയാം. കേസുകൊടുത്ത് പഠിപ്പിക്കാന്‍ നില്‍ക്കുകയല്ലേ, ബാക്കി അപ്പോള്‍ പറയാം. കേരള രാഷ്ട്രീയത്തിലെ ഒമ്പതോളം വമ്പന്‍ സ്രാവുകളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതില്‍ എല്ലാ പാര്‍ട്ടിയിലും പെട്ട ആളുകളുണ്ടെന്നും ശോഭ അവകാശപ്പെട്ടു.