Connect with us

Crime

മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത് 140 കോടി : നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി

Published

on

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നാല്‍പ്പത് കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനത്തിലാണ് ഈ നികുതി വെട്ടിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള സിനിമയില്‍ നിന്നുള്ള വരുമാനം 140 കോടിയാണ്. വരവ് ചെലവ് കണക്കുകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ഐ.ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ് ആദായനികുതി വകുപ്പിന്റെ പരിശോധനകളില്‍ വ്യക്തമാവുന്നത്. സിനിമയിലൂടെ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയത് 140 കോടി രൂപയാണ്. അതില്‍ നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കൂടാതെ ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

സൗബിനെ നേരിട്ട് വിളിപ്പിച്ച് ഇതില്‍ വിശദീകരണം തേടും. പറവ ഫിലിംസില്‍ ആധായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് ഇന്നും തുടരുകയാണ്. ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടന്നത്.സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തിലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടല്‍.



Continue Reading