Education
നാടിൻ്റെ നോവായ് അഞ്ച് കൂട്ടുകാരും മടങ്ങി തിരിച്ച് വരവില്ലാത ലോകത്തേക്ക്

ആലപ്പുഴ: രണ്ടു മാസം മുൻപ് വണ്ടാനം ഗവ.മെഡിക്കൽ കോളജിലെ പഠനത്തിനായി എത്തിയ അഞ്ച് കൂട്ടുകാര്‍ കോളജിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിനു മുന്നിൽ ചലനമറ്റ് കിടന്നപ്പോൾ , സഹപാഠികൾക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. കണ്ണീരോടെ അവരെ അവസാനമായി കണ്ടു. മന്ത്രിമാരായ വീണ ജോർജ് പ്രസാദ് സജി ചെറിയാൻ എന്നിവർ മരിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 വിദ്യാർഥികളെ കാണാൻ നാട് ഒഴുകിയെത്തി. രാവിലെ 9 മണിയോടെ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ചവരുടെ ബന്ധുക്കൾ രാവിലെ തന്നെ ആശുപത്രിയിലെത്തി. ഇന്നലെയും സംസാരിച്ചവർ വേർപിരിഞ്ഞു പോയതിന്റെ വേദനയിലായിരുന്നു ബന്ധുക്കൾ.
ഇന്നലെ രാത്രി 9.20ന് അപകടം നടന്നയുടനെ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്ത പരന്നു. അതിനു സ്ഥിരീകരണം ഉണ്ടായതോടെ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളും നാട്ടുകാരും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഓടിയെത്തി.
ആർക്കാണ് അപകടം പറ്റിയതെന്ന് അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെയാണ് രാത്രി ഹോസ്റ്റലിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാൻ പോയ സംഘമാണെന്ന സംശയമുണ്ടായത്. ഹോസ്റ്റലിലെ സഹപാഠികളായ വിദ്യാർഥികൾ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രാവിലെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് കലക്ടർ അലക്സ് വർഗീസ് ആശുപത്രിയിലെത്തി. ആശുപത്രിയിലെത്തിയ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും പൊട്ടിക്കരഞ്ഞു.
‘ 98% മാർക്കുമായി ആദ്യ അവസരത്തിൽ തന്നെ എൻട്രൻസ് പരീക്ഷ പാസായി എത്തിയതാണ് ലക്ഷദ്വീപ് സ്വദേശിയായ പി.പി.മുഹമ്മദ് ഇബ്രാഹിം. ഇബ്രാഹിമിന്റെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല, ആ ദ്വീപ് ഒന്നാകെ വേദനയിലാണ്. ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു അവൻ. ‘‘എല്ലാവരും വലിയ ഷോക്കിലാണ്. ഒരു മാസമേയായുള്ളൂ അവൻ പഠിക്കാനെത്തിയിട്ട്.’’– ഇബ്രാഹിമിന്റെ കുടുംബസുഹൃത്ത് പറഞ്ഞു.