Connect with us

Crime

ശബരിമലയിൽ ദിലീപിന്റെ വി.ഐ.പി. ദർശനം; സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി

Published

on

കൊച്ചി: ശബരിമല സന്നിധാനത്തെ സിസി ടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിക്ക് കൈമാറി. നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള ചിലയാളുകള്‍ക്ക് വിഐപി സന്ദര്‍ശനത്തിന് അവസരമൊരുക്കിയതിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ച സാഹചര്യത്തിലാണിത്.
ശബരിമലയില്‍ അര്‍ധരാത്രി ഹരിവരാസനം പാടി നടയടക്കുന്നതിന് തൊട്ടുമുമ്പാണ് ദിലീപ് സന്ദര്‍ശനം നടത്തിയത്. സാധാരണ ഭക്തര്‍ക്ക് പരമാവധി ദര്‍ശനം സാധ്യമാക്കാന്‍ അവസരം ഒരുക്കേണ്ട ഈ സമയത്താണ് ഒന്നാമത്തെ നിരയില്‍ ദിലീപ് നില്‍ക്കുന്നത്. ഏകദേശം പത്ത് മിനിറ്റോളം ദിലീപ് അവിടെ നിന്നു. അത്രയും നേരം ആ വരി മുന്നോട്ട് പോവാതിരിക്കുകയും വരിയിലെ മറ്റുള്ളവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വരികയും ചെയ്തു. ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് കോടതി ചോദിച്ചു.

സംഭവത്തില്‍ സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് നല്‍കിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് പോവാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉദ്ദേശിക്കുന്നത്.

നടന്‍ ദിലീപിന് പുറമെ, വി.ഐ.പി. പരിഗണനയോടെ ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ. രാധാകൃഷ്ണന്‍, ഒഡേപ്പെക്ക് ചുമതല വഹിക്കുന്ന കെ.പി.അനില്‍ കുമാര്‍ എന്നിവരും എത്തിയിരുന്നുവെന്നാണ് ദേവസ്വം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്കൊപ്പം വലിയൊരു കൂട്ടം ആളുകളും പോലീസ് അകമ്പടിയും സന്നിധാനത്ത് എത്തിയെന്നും ശബരിമല ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവര്‍ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading