KERALA
ദേശിയ പാത ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കി : ഇന്ത്യയിലെ റോഡുകളിൽ പലതും അശാസ്ത്രീയം

ന്യൂഡൽഹി: പാലക്കാട് കല്ലടിക്കോട്ട് ലോറി കയറി നാലു കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ.
ദേശിയ പാത ഡിസൈൻ ചെയ്യുന്നത് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും ഇന്ത്യയിലെ റോഡുകളിൽ പലതും അശാസ്ത്രീയമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ വിമർശിച്ചു.
‘പലയിടത്തും ഹൈവേ പണിചെയ്യാന്‍ വരുന്ന എന്‍ഞ്ചിനിയര്‍മാര്‍ക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. ഹൈവേ നിര്‍മിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരുടെ ഡിസൈനിലാണ് പലയിടത്തും നിര്‍മാണം. ലോകബാങ്കിൻ്റെ റോഡുകൾ പോലെ, പ്രാദേശിക എന്‍ഞ്ചിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്ത ശേഷം പണം നല്‍കുകയാണ് ചെയ്യുന്നത്’, ഗണേഷ് കുമാർ പറഞ്ഞു.
ഡിസൈന്‍ ചെയ്യുന്ന റോഡില്‍ വീടുണ്ടോ വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിയുണ്ടോ എന്നിവ കണക്കിലെടുക്കാറില്ല. റോഡ് നിര്‍മിക്കേണ്ട സൈറ്റിലെത്തി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യേണ്ടത്.റോഡിലെ വളവുകളിലെ കയറ്റം, ഇറക്കം, എന്നിവയൊന്നും പരിഗണിക്കാറില്ല.
ലോക ബാങ്ക് നിര്‍മ്മിക്കുന്ന റോഡുകളില്‍ കെ.എസ്.ടി.പിക്കോ പി.ഡബ്യു.ഡി എഞ്ചിനിയര്‍മാര്‍ക്കോ യാതൊരു പങ്കുമില്ല. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകൾ നടത്താനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.