KERALA
മണിയാർ കരാർ നീട്ടുന്നതിൽ സർക്കാർ തലത്തിൽ ഭിന്നത; അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും

തിരുവനന്തപുരം: മണിയാർ ജലവെെദ്യുത പദ്ധതിയുടെ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ സർക്കാർ തലത്തിൽ ഭിന്നത. മണിയാർ പദ്ധതിയുടെ കരാർ നീട്ടരുതെന്നാണ് വെെദ്യുതി വകുപ്പിന്റെ നിലപാടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കരാർ നീട്ടണമെന്ന വ്യവസായ വകുപ്പിന്റെ നിലപാടിൽ അന്തിമ തീരുമാനം ആയില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘
ഇതിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മണിയാർ ജലവെെദ്യുത പദ്ധതിയുടെ കരാർ നീട്ടുന്നതിൽ വ്യവസായ വകുപ്പിനും വെെദ്യുതി വകുപ്പിനും രണ്ട് അഭിപ്രായമാണെന്നതാണ് മന്ത്രിയുടെ വിശദീകരണത്തിലൂടെ വ്യക്തമാകുന്നത്. മണിയാർ പദ്ധതി ഏറ്റെടുക്കണം എന്നാണ് വെെദ്യുതി ബോർഡിന്റെ അഭിപ്രായമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.എന്നാൽ കാർബോറണ്ടത്തിന് കരാർ നീട്ടി നൽകണം എന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.
മണിയാർ പദ്ധതി 30 വർഷത്തേക്കാണ് കാർബോറണ്ടം ഗ്രൂപ്പിന് നൽകിയിരുന്നത്. 30 വർഷം കഴിയുമ്പോൾ പദ്ധതി കെഎസ്ഇബിക്ക് തിരിച്ചു നൽകണം. 30 വർഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാർ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.പ്രതിപക്ഷം ഉൾപ്പെടെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. വൈദ്യുതി ബോർഡിന്റെ എതിർപ്പ് മറി കടന്ന് മണിയാർ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയിൽ നിലനിറുത്താൻ സർക്കാർ ശ്രമിച്ചതിന് പിന്നിൽ നടന്നത് കോടികളുടെ അഴിമതിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. പദ്ധതി കെഎസ്ഇബിക്ക് മടക്കി നൽകണം. മണിയാർ പദ്ധതിയിലൂടെ പ്രതിവർഷം ലഭിക്കുമായിരുന്ന 18 കോടിയുടെ വൈദ്യുതി കെഎസ്ഇബിയുടെ വാർഷിക കണക്കിൽ ഉൾക്കൊള്ളിച്ചാൽ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.