Connect with us

KERALA

എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

Published

on

.

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ സുജാത ബോബൻ നൽകിയ ഹർജിയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുട ബെഞ്ച് തള്ളി. എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നല്‍കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പെൺമക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഹർജി തള്ളിയ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഈ വിഷയത്തിൽ നിയമപ്രശ്നങ്ങൾ കുറെ ആയെന്നും ഇനിയെങ്കിലും ഇതിന് ഒരു അവസാനമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെടാമെങ്കിലും അത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നു മാസത്തോളമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന എംഎം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ ഇതോടെ അന്തിമ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി ശ്രമം നടത്തിയിരുന്നു. കുടുംബവുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്താൻ മുതിർന്ന അഭിഭാഷകൻ എന്‍.എൻ.സുഗുണപാലനെ നിയോഗിച്ചിരുന്നെങ്കിലും തനിക്ക് ഒത്തുതീർപ്പുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ നേരത്തേ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

മൃതദേഹം വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ഹൈക്കോടതിെയ സമീപിച്ചതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് തർക്കം പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ച് വിധി.

Continue Reading