Crime
രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപ : നിക്ഷേപകനെ ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി

ഇടുക്കി:കട്ടപ്പന സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് ഭാര്യ മേരിക്കുട്ടി വെളിപ്പെടുത്തി. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്. ചികിത്സ ആവശ്യത്തിനുള്ള പണത്തിനായാണ് ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നും മേരിക്കുട്ടി പറഞ്ഞു
സാബു ബാങ്കിലെത്തിയപ്പോള്‍ ജീവനക്കാരനായ ബിനോയ് മോശമായി പെരുമാറി. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് സെക്രട്ടറി പറഞ്ഞു. ഇതിനു പിന്നാലെയാണ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.ആര്‍. സജി ഭീഷണിപ്പെടുത്തിയത്. ട്രാപ്പില്‍ പെട്ടെന്ന് സാബു പറഞ്ഞു. വലിയ വിഷമത്തിലായിരുന്നു. ഇനി കിട്ടാനുള്ളത് 14 ലക്ഷം രൂപയാണ്. ഒന്നരവര്‍ഷമായി ബാങ്കില്‍ കയറിയിറങ്ങുന്നു. സാബുവിനെതിരായ ആരോപണം പണം നല്‍കാതിരിക്കാനുള്ള അടവാണ്. സാബുവിനെ ദ്രോഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മേരിക്കുട്ടി ആവശ്യപ്പെട്ടു.
സാബുവിനെ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജി ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് മേരിക്കുട്ടിയുടെ പ്രതികരണം. സാബുവിനെ ബാങ്ക് ഭരണസമിതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് നേരത്തെ ബന്ധു ആരോപിച്ചിരുന്നു. അടിമേടിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമായിരുന്നു സജിയുടെ ഭീഷണി.സാബുവിന്റെ മരണത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.