International
മൂന്നു റഫാൽ യുദ്ധവിമാനങ്ങൾ കൂടി അടുത്ത മാസം ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നു മൂന്നു റഫാൽ യുദ്ധവിമാനങ്ങൾ കൂടി അടുത്ത മാസം ഇന്ത്യയിലെത്തും. തീയതി പിന്നീടു തീരുമാനിക്കും. ഫ്രാൻസിൽ നിന്നു നിർത്താതെ പറന്നു ഗുജറാത്തിലെ ജാംനഗറിലെത്തുന്ന വിമാനങ്ങൾ പിന്നീട് അംബാലയിലെത്തിക്കും. ഇന്ത്യയുടെയും ഫ്രാൻസിന്‍റെയും ടാങ്കർ വിമാനങ്ങളുപയോഗിച്ച് ആകാശത്തു വച്ച് ഇന്ധനം നിറച്ചുകൊണ്ടാകും പറക്കൽ.രണ്ടു സ്ക്വാഡ്രനുകളിലേക്കായി 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ജൂലൈയിൽ ആദ്യ സംഘമായി അഞ്ചെണ്ണം എത്തിച്ചു. നവംബറിൽ മൂന്നു വിമാനങ്ങൾ കൂടിയെത്തി. ജനുവരിയിൽ മൂന്നു വിമാനങ്ങളെത്തുന്നതോടെ വ്യോമസേനയിൽ റഫാലുകളുടെ എണ്ണം 11 ആയി ഉയരും.മാർച്ചിൽ മൂന്നും ഏപ്രിലിൽ ഏഴും വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തും. 2021 അവസാനത്തോടെ 59000 കോടി രൂപയുടെ കരാർ പ്രകാരമുള്ള മുഴുവൻ വിമാനങ്ങളുടെ കൈമാറ്റം പൂർത്തിയാകും. ആദ്യബാച്ച് റഫാൽ വിമാനങ്ങൾ അംബാല വ്യോമതാവളത്തിൽ നടന്ന വർണശബളമായ ചടങ്ങിൽ വ്യോമസേനയ്ക്ക് ഔദ്യോഗികമായി കൈമാറിയിരുന്നു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ. എസ്. ബദൗരിയയും പങ്കെടുത്ത ചടങ്ങിലാണ് വിമാനങ്ങൾ വ്യോമസേനയിൽ ഉൾപ്പെടുത്തിയത്. നിലവിൽ എൽസിഎ തേജസ്, മിറാഷ് 2000, മിഗ് വിമാനങ്ങളും അപ്പാഷെ, ചീനൂക്ക് ഹെലികോപ്റ്ററുകളുമാണു വ്യോമസേനയ്ക്കുള്ളത്.