International
കൊവിഡ് കാലത്തും ജനങ്ങൾക്കൊപ്പം നിന്ന ലോക നേതാക്കളിൽ മുമ്പൻ നരേന്ദ്ര മോദി തന്നെ

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനകാലത്തും ജനങ്ങൾക്കൊപ്പം നിന്ന ലോക നേതാക്കളിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവെ. യുഎസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് ലോകവ്യാപകമായി നടത്തിയ സർവെയിലാണു മോദിയുടെ ജനപ്രിയതയ്ക്കും സ്വീകാര്യതയ്ക്കും ഇടിവില്ലെന്നു സാക്ഷ്യപ്പെടുത്തുന്നത്. 55 ശതമാനമാണു മോദിയുടെ ജനപ്രിയത. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണ്. കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയെന്നും അപ്രതീക്ഷിത ലോക്ഡൗൺ ജനങ്ങളെ വലച്ചെന്നും പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതിനിടെയാണ് മോദിയുടെ നടപടികൾക്ക് ആഗോള സർവെയുടെ പിന്തുണ. കൊവിഡ് കാലത്തും ജനപ്രിയതയിൽ ഇടിവില്ലാത്ത ഏക നേതാവും മോദിയെന്നു സർവെ.സർവെയിൽ ലോകവ്യാപകമായി 75 ശതമാനം പേർ മോദിയെ പിന്തുണച്ചപ്പോൾ 20 ശതമാനം നെഗറ്റിവ് മാർക്ക് നൽകി. ഇതോടെയാണ് റേറ്റിങ് 55 ശതമാനമെന്നു നിശ്ചയിച്ചത്. ജർമൻ ചാൻസലർ ആഞ്ജല മെർക്കലിനും 75 ശതമാനം പിന്തുണ ലഭിച്ചെങ്കിലും 24 ശതമാനം നെഗറ്റിവ് മാർക്ക് ലഭിച്ചു. യുഎസ്,ഓസ്ട്രേലിയ, ബ്രസീൽ ക്യാനഡ, ഫ്രാൻസ്, ജർമനി, മെക്സിക്കോ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയ്ൻ, യുകെ എന്നീ രാജ്യങ്ങളിലായിരുന്നു സർവെ.