KERALA
പരോൾ കൊടുക്കുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലപരോൾ തടവുകാരൻ്റെ അവകാശമാണ്

കണ്ണൂർ: കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരോൾ കൊടുക്കുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പരോൾ തടവുകാരൻ്റെ അവകാശമാണെന്നും അത് ഇല്ലാതാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പലയാളുകള്‍ക്കും പരോള്‍ കിട്ടുന്നുണ്ടല്ലോ. അതിനെന്ത് ചെയ്യാനാ. ഒരാള്‍ക്ക് പ്രത്യേക പരോള്‍ കൊടുക്കണമെന്നോ പരോള്‍ കൊടുക്കാന്‍ പാടില്ലെന്നോ… അങ്ങനെ ഒരു തരത്തിലുമുള്ള ഇടപെടലും സി.പി.എം. നടത്തില്ല. ഞങ്ങള്‍ക്കത് ബാധകമല്ല. അതെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ജയിലുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ പാര്‍ട്ടിയിടപെടേണ്ട കാര്യമില്ല. ആരേയും സംരക്ഷിക്കേണ്ട കാര്യമില്ല. പരോള്‍ തടവുകാരന്റെ അവകാശമാണ്. അത് ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ല.’ എം.വി.ഗോവിന്ദൻ പറഞ്ഞു.
30 ദിവസത്തെ പരോളാണ് സുനിക്ക് അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയില്‍ വകുപ്പിന്റെ നടപടി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. പോലീസ് റിപ്പോർട്ട് എതിരായതിനാൽ കൊടി സുനിക്ക് ആറു വർഷമായി പരോൾ അനുവദിച്ചിരുന്നില്ല. തടവുശിക്ഷ അനുഭവിക്കേ, ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചു, ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മർദിച്ചു തുടങ്ങിയ കേസുകളിൽ പ്രതിയായതിനെത്തുടർന്നാണ് സുനിക്ക് പരോൾ നൽകാതിരുന്നത്.