Connect with us

Crime

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാൻ തയാറെന്ന് ഇറാൻ.

Published

on

ന്യൂഡൽഹി : യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാൻ തയാറെന്ന് ഇറാൻ. ഡൽഹി സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. വിഷയത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണനവച്ചു സഹായിക്കാൻ തയാറാണെന്നുമാണ് അദ്ദേഹം ഇന്ത്യയെ അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷിദ് അൽ അലിമി അനുമതി നൽകിയെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ ഇടപെടൽ.

തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ട് തവണ മകളെ ജയിലിൽചെന്നു കാണാൻ സാധിച്ചു.

Continue Reading