Education
സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു.

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി.
മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ കുട്ടികളെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ കലോത്സവവേദിയില്‍ അവതരിപ്പിക്കുന്ന നൃത്തം അതിജീവനനൃത്തമായി മാറുകയാണെന്നും സാംസ്‌കാരിക ഉന്നമനത്തിനായി സമൂഹത്തെ ഒന്നടങ്കം നയിക്കേണ്ടവരാണ് ഓരോ മത്സരാർഥികളെന്നും അദ്ദേഹം പറഞ്ഞു.
‘‘അന്യം നിന്നു പോകുന്ന ഒട്ടേറെ കലാരൂപങ്ങള്‍ കലോത്സവങ്ങളിലൂടെ നിലനില്‍ക്കുന്നു. കുട്ടികള്‍ മികവിലേക്ക് ഉയരുമ്പോള്‍ അവരെ പ്രാപ്തരാക്കിയ ഗുരുനാഥന്മാരും ആദരിക്കപ്പെടുകയാണ്. നല്ല കലാരൂപങ്ങളും അതിന്റെ സൃഷ്ടാക്കളും പലവിധ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കെതിരെ തോപ്പില്‍ഭാസി ഒരുക്കിയ ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണം നടന്നിരുന്നു. അതില്‍ മനസു മടുത്ത് കലാപ്രവര്‍ത്തനം നിര്‍ത്താതെ ആ കലാകാരന്മാര്‍ തുടരുക തന്നെ ചെയ്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.