HEALTH
കർണാടകയിൽ രണ്ട് എച്ച് എം പി.വി കേസുകൾ റിപ്പോട്ട് ചെയ്തുവൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം

ബംഗളുരു : കർണാടകയിൽ രണ്ട് എച്ച് എം പി.വി കേസുകൾ റിപ്പോട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്രയാത്രകള്‍ നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ -ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.