Crime
ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഇവന്റ്‌സ് ഉടമയാണ് അറസ്റ്റിലായത്

കൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ പി.എസ്.ജനീഷ് ആണ് പിടിയിലായത്. പാലാരിവട്ടം പോലീസ് തൃശൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
കേസില്‍ മൂന്നാം പ്രതിയാണ് ജനീഷ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ഡിസ് ചാർജ് ആയ ജനീഷ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. തുടർന്ന് ഇന്നു ജനീഷിനെ പോലീസ് തൃശൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകീട്ട് കോടതിയില്‍ ഹാജരാക്കും. കേസില്‍ ഒന്നാം പ്രതിയായ നിഘോഷ് കുമാര്‍ കോടതിയുടെ നിര്‍ദേശം പാലിച്ച് പോലീസിനു മുന്‍പില്‍ കീഴടങ്ങിയിരുന്നു.
നിഘോഷ് കുമാർ, മൃദംഗവിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, സ്റ്റേഡിയം ബുക്ക് ചെയ്ത കെകെ പ്രൊഡക്‌ഷൻസ് ഉടമ എം.ടി.കൃഷ്ണകുമാർ, അപകടത്തിന് ഇടയാക്കിയ താൽക്കാലികവേദി നിർമിച്ച വി.ബെന്നി തുടങ്ങിയവർക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കും.