Connect with us

Education

സ്‌കൂള്‍ കലോത്സവത്തില്‍ ചലച്ചിത്ര സംവിധായകര്‍ വിധികര്‍ത്താക്കൾ: വിവാദത്തെ തുടർന്ന് വിദ്യാഭ്യാസമന്ത്രി അടിയന്തരയോഗം വിളിച്ചു.

Published

on

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക, മിമിക്രി മത്സരങ്ങളില്‍ ചലച്ചിത്ര സംവിധായകര്‍ വിധികര്‍ത്താക്കളായതു സംബന്ധിച്ചു വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. കലോത്സവം നല്ല നിലയിൽ മുന്നേറുന്നതിനിടയില്‍ ഇത്തരം കല്ലുകടിയുണ്ടായതില്‍ മന്ത്രി കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരില്‍നിന്നു കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടാണു മന്ത്രി യോഗം വിളിച്ചത്. വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതിലെ മാനദണ്ഡം കൂടുതല്‍ കര്‍ശനമാക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

നാടകമത്സരത്തിലും മിമിക്രയിലും സംവിധായകന്‍ എം.എ.നിഷാദും, മിമിക്രിയില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകനായ ചലച്ചിത്ര സംവിധായകന്‍ സോഹന്‍ സീനുലാലും മാര്‍ക്കിട്ടതാണു വിവാദമായത്. നാടകമത്സരത്തിന് എം.എ.നിഷാദിനെ വിധികര്‍ത്താവാക്കിയതിനെതിരെ നാടകപ്രവര്‍ത്തകര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന എച്ച്എസ് നാടകമത്സരത്തിലും നിഷാദിനെ വിധികര്‍ത്താവായി നിശ്ചയിച്ചിരുന്നുവെങ്കിലും നാടകപ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ ഒഴിവാക്കിയെന്നാണു വിവരം.

ആദിവാസി, ഗോത്ര കലാരൂപങ്ങളുടെ മത്സരങ്ങളിലെ വിധികര്‍ത്താക്കള്‍ക്കു മറ്റിനങ്ങളിലെ വിധികര്‍ത്താക്കളെ അപേക്ഷിച്ച കുറവ് പ്രതിഫലമാണു നല്‍കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇക്കാര്യവും മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് വിധിനിര്‍ണയത്തെച്ചൊല്ലിയും തര്‍ക്കം ഉയര്‍ന്നിരുന്നു. വിധികര്‍ത്താക്കള്‍ക്കു വേണ്ടത്ര യോഗ്യത ഇല്ലെന്നും മാപ്പിളപ്പാട്ടിന്റെ ശാസ്ത്രീയ വശങ്ങളില്‍ ധാരണയില്ലെന്നും ആരോപിച്ചാണ് അധ്യാപകരും മാതാപിതാക്കളും രംഗത്തെത്തിയത്. 14 വിദ്യാര്‍ഥികളില്‍ 7 പേര്‍ക്കാണ് എ ഗ്രേഡ് ലഭിച്ചത്. ബാക്കി 7 പേര്‍ക്കും ബി ഗ്രേഡായിരുന്നു. സദസ്സിലുണ്ടായിരുന്ന മാപ്പിളപ്പാട്ട് സംഗീതജ്ഞരും രചയിതാക്കളും ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു ‘

Continue Reading