Crime
രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി ഹണി റോസ് :

കൊച്ചി :രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്. തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴില്‍ നിഷേധരീതിയിലും നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
‘രാഹുല്‍ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കള്‍ പിന്തുണക്കുന്ന, ഞാന്‍ പരാതി കൊടുത്ത വ്യക്തിയുടെ പിആര്‍ ഏജന്‍സികളും എനിക്കെതിരെ നടത്തുന്നത് ഈ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണ്.’ -ഹണി റോസ് പോസ്റ്റില്‍ പറയുന്നു.
ഹണിറോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ വിചിത്രവാദവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഒരു മിനിറ്റിന്റെ തമാശയ്ക്ക് ഒരാളെ വർഷങ്ങളോളം ജയിലിൽ ഇടണമെന്ന് പറയുന്നത് അന്യായമാണ്. ബോബി ചെമ്മണ്ണൂരിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യുന്നപോലെ ഹണി റോസും ഓഡിറ്റ് ചെയ്യപ്പെടണമെന്നും മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ സംസാരിക്കുന്നതിനിടെ രാഹുൽ പറഞ്ഞു.
ബോബിക്കെതിരേ പരാതി നൽകിയതുസംബന്ധിച്ച ചാനൽ ചർച്ചയിൽ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പരാമർശിച്ച രാഹുൽ ഈശ്വറിനെതിരേ ഹണി റോസ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ മറുപടി.