HEALTH
ബ്രിട്ടനില്‍ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം ഇന്ത്യയിലും കണ്ടെത്തി

ഡല്‍ഹി : വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം കണ്ടെത്തി. മൂന്നു പേര്‍ ബംഗലൂരുവിലും രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പൂനെ എന്നിവിടങ്ങളിലുമാണ് എത്തിയത്. ബംഗലൂരു നിംഹാന്‍സില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്. ആന്ധ്രയില്‍ മാത്രം ബ്രിട്ടനില്‍ നിന്നും എത്തിയ 11 പേരിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ആന്ധ്രയില്‍ 17 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഇതുവരെയായി 1363 പേരാണ് ബ്രിട്ടനില്‍ നിന്നും രാജ്യത്ത് എത്തിയത്. ഇതില്‍ 1346 പേരെയാണ് കണ്ടെത്താനായത്. 1324 പേര്‍ ക്വാറന്റീനില്‍ ആണെന്നും ആന്ധ്രപ്രദേശ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.