Connect with us

KERALA

തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി അൻവർ പശ്ചിമബംഗാളിലെ സീറ്റിൽ  രാജ്യസഭാംഗമാകാനൊരുങ്ങുന്നു

Published

on

മലപ്പുറം: തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമബംഗാളിലെ സീറ്റിൽ അൻവർ രാജ്യസഭാംഗമാകാനും സാധ്യത. ഇതിനുള്ള ചർച്ച പാർട്ടി പ്രവേശന സമയത്ത് തന്നെ നടന്നതായി സൂചനയുണ്ട്.
എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽനിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ ശക്തമായൊരു രാഷ്ട്രീയപ്പാർട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അൻവറിന്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജൻഡയിൽ മലയോര മേഖലയിലെ കർഷകർ ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അണിചേർക്കാനാവുമെന്നാണ് അൻവറിന്റെയും ഒപ്പമുള്ളവരുടെയും വിശ്വാസം.

വിവിധ കേരള കോൺഗ്രസുകളിൽനിന്നുള്ള ഒറ്റയൊറ്റ നേതാക്കളിൽ പലരുമായും അൻവറും ഒപ്പമുള്ളവരും ചർച്ചകൾ നടത്തിയിട്ടുണ്ട്. എൻ.സി.പി. പോലുള്ള ചില പാർട്ടികളിലെ ചില നേതാക്കളും ചില മുസ്‌‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും ഒപ്പം ചേരാൻ താത്പര്യപ്പെടുന്നുണ്ടെന്ന് അൻവറിനൊപ്പമുള്ള ചില നേതാക്കൾ പറഞ്ഞു. കോൺഗ്രസിനുള്ളിൽനിന്നും ഇടതുപക്ഷത്തുനിന്നും ഒറ്റപ്പെട്ടവരും ഒതുക്കപ്പെട്ടവരുമായ ചില പ്രാദേശിക നേതാക്കളും പുതിയൊരു രാഷ്ട്രീയ സാധ്യതയായി തൃണമൂലിനെ കാണുന്നുണ്ട്.

നേരത്തെ  ഇടതു പക്ഷത്തിനൊപ്പമായിരുന്നവരും ഇടതുരാഷ്ട്രീയ നിലപാടാണ് ഇപ്പോളുമുള്ളത് എന്നുപറയുന്നവരുമായ ഒരു വിഭാഗമുണ്ട്. ഇപ്പോൾ എൽ.ഡി.എഫിനെതിരായ നിലപാടെടുക്കുന്ന ഈ വിഭാഗത്തെ ആകർഷിക്കാൻ കൂടിയാണ് പിണറായിസത്തിനെതിരായ നിലപാട് എന്നാണ്‌ അൻവർ ആവർത്തിച്ചു പറയുന്നത്. ഇവരെ കൂടെ ഒപ്പം നിർത്തി പിണറായിക്കെതിര പടനയികുകയാണ് അൻവറിൻ്റെ ലക്ഷ്യം.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആഴ്ന്നിറങ്ങി പ്രവർത്തിച്ച് സംസ്ഥാനത്ത് ഒട്ടേറെയിടങ്ങളിൽ സാന്നിധ്യം അറിയിക്കാനാവുമെന്നാണ് അൻവറിനൊപ്പമുള്ളവരുടെ വിശ്വാസം.
ബംഗാളിനുപുറത്ത് കഴിയുന്നത്ര ഇടങ്ങളിൽ വേരു പടർത്തി കൂടുതൽ ദേശീയ പ്രസക്തിയുള്ള പാർട്ടിയായി തൃണമൂൽ കോൺഗ്രസിനെ മാറ്റുകയാണ് മമതാ ബാനർജിയുടെ ലക്ഷ്യം. സി.പി.എം. വിരോധമാണ് മമതയുടെയും അൻവറിന്റെയും വഴി എന്നത് കൊണ്ട് തന്നെ പാർട്ടി സി.പി.എം വിരുദ്ധത വർധിപ്പിക്കാനാണ് നീക്കം.

Continue Reading