KERALA
ഗോപൻ സ്വാമിക്ക് വേണ്ടി മഹാസമാധി ഒരുങ്ങുന്നു:മൃതദേഹം ഘോഷയാത്രയായി കൊണ്ടുവരും

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സമാധി യാമെന്ന് വിവാദമുയർന്ന ഗോപൻ സ്വാമിക്ക് വേണ്ടി പുതിയ സമാധിമണ്ഡപം ഒരുങ്ങി. കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്താണ് വീട്ടുവളപ്പിൽ
‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് സമാധിയിരുത്തും. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും ആലോചിക്കുന്നത്.
വീടിനു മുന്നില്‍ പന്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ുടണ്ട്. കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണു കരുതുന്നത്. മോര്‍ച്ചറിയില്‍നിന്ന് രണ്ടു മണിയോടെ മൃതദേഹം പുറത്തെടുത്ത് നാമജപ ഘോഷയാത്രയോടെ 3 ന് വീട്ടില്‍ എത്തിക്കുമെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. തുടര്‍ന്ന് സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ നാലു മണിക്കു സമാപിക്കും. സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഗോപന്റെ മകന്‍ സനന്തന്‍ പറഞ്ഞു. വൈകാരികമായി നടത്തിയ പ്രതികരണമാണത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്തന്‍ പറഞ്ഞു.
പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവം വിവാദമായിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ മരണകാരണം വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു പ്രാഥമിക നിഗമനം. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല. മരണം നടന്ന സമയത്തെക്കുറിച്ചും അവ്യക്തതയുണ്ട്’ മരണകാരണം കണ്ടെത്താൻ മൂന്ന് പരിശോധനാഫലങ്ങൾ പുറത്തുവരണം. ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടെന്നു സംശയമുണ്ട്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ ആന്തരാവയവങ്ങളുടെ പരിശോധനാഫലവും പുറത്തു വരണം. ഇതിനു ദിവസങ്ങൾ വേണ്ടിവരുമെന്നാണ് പൊലീസ് വിലയിരുത്തൽ.
ആർഡിഒ കൂടിയായ സബ് കലക്ടർ ഒ.വി.ആൽഫ്രഡിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 6ന് ഗോപന്റെ വസതിയിലെത്തിയ സംയുക്ത സംഘം മൂന്ന് മണിക്കൂറിനുള്ളിൽ മൃതദേഹം പുറത്തെടുത്തു നടപടിക്രമങ്ങൾ പൂർത്തിയാക്കി. കല്ലറയ്ക്കുള്ളിൽ ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തു ഭാഗം വരെ പൂജാദ്രവ്യങ്ങളാൽ മൂടിയിരുന്നു. ശരീരമാസകലം ഭസ്മം പൂശി, കർപ്പൂരം വിതറിയ നിലയിലായിരുന്നു. നടപടികളോട് ബന്ധുക്കൾ സഹകരിച്ചു. കഴിഞ്ഞ 10ന് ഗോപൻ സമാധിയായെന്ന് മക്കൾ വീടിനു സമീപം പോസ്റ്ററുകൾ പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.